വായുമലിനീകരണം: സർക്കാർ–സ്വകാര്യ മേഖലയിൽ 50 ശതമാനം വർക്ക് ഫ്രം ഹോം, കൂടുതൽ നിയന്ത്രണങ്ങളിലേക്ക് രാജ്യതലസ്ഥാനം
DELHI

ന്യൂഡൽഹി∙ ഡൽഹിയിൽ വർധിച്ചുവരുന്ന വായുമലിനീകരണം കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷന്റെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി) ലെവൽ 3യുടെ ഭാഗമായാണ് പ്രഖ്യാപനം. വായു ഗുണനിലവാരം വളരെ മോശമായ സാഹചര്യത്തിലാണ് പകുതി ജീവനക്കാരെ മാത്രം ഓഫിസിൽ എത്തിച്ചുള്ള രീതിയിലേക്കു മാറുന്നതെന്ന് അധികൃതർ അറിയിച്ചു.
കുട്ടികളെ തുറസ്സായ സ്ഥലത്ത് കളിക്കാൻ അനുവദിക്കരുതെന്ന് അടക്കമുള്ള നിയന്ത്രണങ്ങൾ ഡൽഹി സർക്കാർ സ്കൂളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വായുഗുണനിലവാര സൂചിക 201 നും 300 നും ഇടയിലാകുമ്പോഴാണ് ജിആർഎപി 1 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. 301 നും 400 നും ഇടയിലാകുമ്പോൾ ജിആർഎപി 2 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. 401 നും 450 നും ഇടയിലാകുമ്പോൾ ജിആർഎപി 3ഉം 451 കടക്കുമ്പോൾ ജിആർഎപി 4 നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
നിലവിൽ ജിആർഎപി 3 പ്രകാരമുള്ള എല്ലാ മലിനീകരണ നിയന്ത്രണ നടപടികളും സർക്കാർ എടുത്തിട്ടുണ്ടെന്നും 24 മണിക്കൂർ നിരീക്ഷണം ആരംഭിച്ചതായും ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു. മാലിന്യങ്ങളും ജൈവവസ്തുക്കളും തുറസ്സായ സ്ഥലത്ത് കത്തിക്കുന്നത് ഒഴിവാക്കണമെന്നും മലിനീകരണത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ‘ഗ്രീൻ ഡൽഹി’ ആപ്പ് വഴി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



