ന്യൂഡൽഹി ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ 4, 5 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 2021 ഡിസംബറിലാണ് പുട്ടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടക്കുമെന്ന് അധികൃതർ പറഞ്ഞു.
പുട്ടിന്റെ ഇന്ത്യ സന്ദർശനത്തിൽ കൂടുതൽ എസ്–400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും ചർച്ചയാകും. ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ എസ്–400 സംവിധാനം 5 എണ്ണം കൂടി വാങ്ങുന്നതാണ് ഇന്ത്യ പരിഗണിക്കുന്നത്.
അതേസമയം, സുഖോയ് യുദ്ധവിമാനങ്ങളുടെ പുതിയ പതിപ്പ് സു–57 വാങ്ങുന്നതിൽ ചർച്ചയുണ്ടാകില്ലെന്നാണു സൈനിക വൃത്തങ്ങൾ നൽകുന്ന വിവരം. 2018ലാണ് 5 എസ്–400 വാങ്ങാനുള്ള കരാർ റഷ്യയുമായി ഒപ്പിട്ടത്. ഇതിൽ മൂന്നെണ്ണമാണ് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്ന രണ്ടെണ്ണം അടുത്ത വർഷത്തോടെ ലഭിക്കുമെന്നാണു വിവരം. ഓപ്പറേഷൻ സിന്ദൂറിലും അതിനു പിന്നാലെയുണ്ടായ സൈനിക നടപടികളിലും ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധമായിരുന്നു എസ്–400.



