ഹോങ്കോംഗ് ഫ്ലാറ്റ് തീപിടിത്തം; മരിച്ചവരുടെ എണ്ണം 128 ആയി

ഹോങ്കോംഗ്: വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. 100ലേറെ പേരെ പൊള്ളലേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
200 ലേറെ പേരെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. തീ പൂർണമായി അണച്ചതായി സർക്കാർ അറിയിച്ചു. 2311 അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
സംഭവത്തിൽ നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. രണ്ട് ഡയറക്ടർമാരെയും ഒരു എൻജിനീയറെയും അറസ്റ്റ് ചെയ്തു. 20 വർഷത്തിലേറെ പഴക്കമുള്ള ഫ്ലാറ്റ് നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീ പടർന്നതെന്നാണു നിഗമനം. എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ അറ്റകുറ്റപ്പണിക്കായി ഉപയോഗിച്ചതും തീ വേഗം പടരാനിടയാക്കി. എട്ട് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ 2000 വീടുകളുണ്ട്. 4600 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 32 നില കെട്ടിടത്തിലാണ് തീപടർന്നത്.



