പ്രോട്ടോകോള്‍ മാറ്റിവച്ച് വിമാനത്താവളത്തില്‍ നേരിട്ടെത്തി പുടിനെ സ്വീകരിച്ച് പ്രധാനമന്ത്രി !താമസസ്ഥലത്തേക്കുള്ള യാത്ര മോദിയുടെ കാറില്‍ ഒരുമിച്ച്
Dec 05 2025
ഡൽഹി∙ 23ാമത് ഇന്ത്യ–റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും ഒരു കാറിലാണ് പുട്ടിന്റെ താമസസ്ഥലത്തേക്കു പോയത്. പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി.
വൈകിട്ട് 6.35നാണ് പ്രസിഡന്റ് പുട്ടിൻ ഡൽഹി പാലം വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇവിടേക്കെത്തിയ മോദി പുട്ടിനെ ആലിംഗനം ചെയ്തു സ്വീകരിച്ചു. പ്രധാനമന്ത്രി നേരിട്ടെത്തുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും മോദിയുടെ സ്വീകരണം അപ്രതീക്ഷിതമായിരുന്നെന്നും റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പുട്ടിനെ ഏറെ സന്തോഷത്തോടെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മോദി സമൂഹമാധ്യമങ്ങളിൽ എഴുതി. ഇന്ത്യ–റഷ്യ ബന്ധം ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഏറെ ഗുണകരമാണെന്നും മോദി പറഞ്ഞു. രാത്രി എട്ടോടെയായിരുന്നു കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പുട്ടിന് വിരുന്നൊരുക്കിയത്.
ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മർദങ്ങൾക്ക് ഒരിക്കലും കീഴടങ്ങാത്തവരാണെന്നു പുട്ടിൻ മാധ്യമങ്ങളുമായി സംസാരിക്കവേ പറഞ്ഞു. ‘‘മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ്’’ – പുട്ടിൻ പറഞ്ഞു. റഷ്യയിൽ നിന്നുള്ള കൂടുതൽ എസ്–400, 500 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചും പുട്ടിൻ പരാമർശിച്ചു. ‘‘റഷ്യ കേവലം സാങ്കേതിക വിദ്യ വിൽക്കുകയും ഇന്ത്യ കേവലം വാങ്ങുകയും മാത്രമല്ല ചെയ്യുന്നത്. അതിനപ്പുറം ഇന്ത്യയുമായി വ്യത്യസ്ത തലത്തിലുള്ള ബന്ധമാണ് റഷ്യയ്ക്കുള്ളത്’’ – പുട്ടിൻ പറഞ്ഞു.



