KOTTAYAM

വിനോദ സഞ്ചാരികൾ ഉറങ്ങിക്കിടന്നിരുന്ന ഹൗസ് ബോട്ട് മുങ്ങി; 4 അംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.

കുമരകം • വിനോദ സഞ്ചാരികളായ 4 അംഗ കുടുംബം ഉറങ്ങിക്കിടന്നിരുന്ന ഹൗസ് ബോട്ട് ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ മുങ്ങി. ഇതിൽ ഉണ്ടായിരുന്ന കുട്ടി ഉൾപ്പടെ എല്ലാവരും അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളി പുലർച്ചെ മൂന്നിനാണ് സംഭവം. ഉത്തർ പ്രദേശ് സ്വദേശികളായ ഗജേന്ദ്രസിങ്, ഭാര്യ അഞ്‌ജലി, മകൻ ആർശു, അജ്‌ഞലിയുടെ സഹോദരൻ രാഘവ് എന്നിവരാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെയാണ് ഇവർ ഹൗസ് ബോട്ടിൽ കയറിയത്. കായൽ യാത്രയ്ക്ക് ശേഷം സന്ധ്യയോടെ ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നു. മുങ്ങിക്കൊണ്ടിരുന്ന ഹൗസ് ബോട്ടിന്റെ ജനൽ ചില്ലുകൾ തകർത്താണ് ഇവർ രക്ഷപ്പെട്ടത്. ‌‌

തല കൊണ്ട് ചില്ല് ഇടിച്ചു തകർക്കുന്നതിനിടെ രാഘവിന് പരുക്കുപറ്റി. രക്ഷപ്പെടുന്നതിനിടെ മറ്റ് മൂന്നു പേർക്കും ചെറിയ പരുക്കേറ്റു. പുലർച്ചെ ഹൗസ് ബോട്ടിൽ വെള്ളം കയറുന്നതായി മനസ്സിലായപ്പോഴാണു ഇവർ ഉറക്കം ഉണർന്നത്. ഈ സമയം ഹൗസ് ബോട്ട് തോടിന്റെ വടക്ക് വശത്തേക്ക് ചരിഞ്ഞു തുടങ്ങിയിരുന്നു. തുടർന്നു രാഘവും, ഗജേന്ദ്രസിങും തല കൊണ്ടു ഇടിച്ചു മുറിയുടെ ജനൽ ചില്ല് തകർത്തു. ഇതുവഴി എല്ലാവരും പുറത്തിത്തേക്കു വന്നു. ശബ്ദം കേട്ടു സമീപത്തുണ്ടായിരുന്ന ജീവനക്കാർ എത്തി ഇവിടെ കിടന്ന ശിക്കാര വള്ളം ഹൗസ് ബോട്ടിനു അടുത്തേക്ക് എത്തിച്ച് 4 പേരെയും കരയ്ക്ക് എത്തിച്ചു. ഫോൺ നഷ്‌ടപ്പെട്ടതിനാൽ ഇവർക്ക് ആരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നു ഇവർ നടന്നു ചീപ്പുങ്കൽ ജംക്ഷൻ ഭാഗത്ത് എത്തി അവിടെ ഉണ്ടായിരുന്ന ആളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പൊലീസിൽ വിവരം അറിയിച്ചു.

ഹൗസ് ബോട്ട് സാവധാനം ചരിഞ്ഞു തുടങ്ങിയപ്പോൾ ഭീതിയിലായതായി ഗജേനന്ദ്രസിങും ഭാര്യ അഞ്ജലിയും പറഞ്ഞു. എന്തു ചെയ്യണമെന്ന് അറിയൻ കഴിയാതെ പകച്ചു പോയെങ്കിലും ധൈര്യ സംഭരിച്ചു ഇരുവരും ചില്ല് തകർക്കുകയായിരുന്നു. ഈ സമയം ഹൗസ് ബോട്ട് ഏതാണ്ട് പൂർണമായും വെള്ളത്തിലേക്ക് ചരിഞ്ഞിരുന്നതായും അജ്‌ഞലി പറഞ്ഞു. ഹൗസ് ബോട്ടിൽ കയറിയപ്പോൾ മുതൽ ജീവനക്കാർ ബോട്ടിലെ വെള്ളം കോരി കളയുന്നുണ്ടായിരുന്നതായി ഇവർ പറഞ്ഞു. ഹൗസ് ബോട്ടിലെ ജീവനക്കാർ സഞ്ചാരികളായ 4 പേരെയും പിന്നീട് സമീപത്തെ ഹോട്ടലിലേക്ക് മറ്റി. പണം, ഫോൺ, ടാബ്, സ്വർണം കമ്മൽ എന്നിവ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ഇവയിൽ 64,000 രൂപ അപ്പോൾ തന്നെ കിട്ടി. രേഖകൾ ഉൾപ്പെടെ ബാക്കി സാധനങ്ങൾ നഷ്ട‌പ്പെട്ടു. ഹൗസ് ബോട്ട് ഉടമ ഇവർക്കു നഷ്ടപരിഹാരം നൽകും.

Related Articles

Back to top button