
മഹീന്ദ്ര ഥാറിന്റെ ഏറ്റവും വലിയ ആരാധകൻ ആരെന്നു ചോദിച്ചാൽ നിസംശയം പറയാം അത് ബോളിവുഡ് താരം ജോൺ എബ്രഹാം തന്നെയാണെന്ന്. കാരണം എന്തെന്നല്ലേ, ആ വാഹനത്തോടുള്ള ഇഷ്ടം കൂടി രണ്ടാമതൊരു ഥാർ കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ് നടൻ. ഇത്തവണ ബ്ലാക്ക് ഥാറിനു കൂട്ടായി വൈറ്റ് കളർ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കസ്റ്റമൈസ് ചെയ്തെടുത്ത മുൻ ഥാർ, 5 ഡോർ പതിപ്പ് ആയിരുന്നെങ്കിൽ പുതിയത് 3 ഡോർ ആണെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. മഹീന്ദ്രയിൽ നിന്നുമുള്ള ഈ ഗ്ലാമറസ് താരത്തെ സ്വന്തമാക്കിയ വിവരം ജോൺ എബ്രഹാം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നിലവിൽ താരത്തിന്റെ കയ്യിലുള്ള ബ്ലാക്ക് ഥാർ റോക്സിനൊപ്പം പുത്തൻ വൈറ്റ് ഥാറും പ്രദർശിപ്പിച്ചാണ് തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.



