കൈക്കൂലി: ഈ വർഷം വിജിലൻസ് പിടിയിലായത് 50 സർക്കാർ ഉദ്യോഗസ്ഥർ

മാന്നാർ: കൈക്കൂലി വാങ്ങുന്നതിനിടയിൽ ഈ വർഷം ഇതുവരെ സംസ്ഥാനത്ത് വിജിലൻസ് പിടിയിലായത് 50 സർക്കാർ ജീവനക്കാർ. കഴിഞ്ഞ ദിവസം മാന്നാറിൽ പിടിയിലായ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസറുടേതുൾപ്പെടെയാണ് 50 കേസുകൾ രജിസ്റ്റർ ചെയ്തത്. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 68 പ്രതികളെയാണ് വിജിലൻസ് ഈ വർഷം അറസ്റ്റു ചെയ്ത് ജയിലിലടച്ചത്.
17 കേസുകളുമായി റവന്യു വകുപ്പാണ് വിജിലൻസ് അറസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 10 കേസുകളുമായി തദ്ദേശസ്വയംഭരണം, ആറു കേസുകളുമായി പോലീസ്, മൂന്ന് വീതം കേസുകളുമായി വിദ്യാഭ്യാസം, കെഎസ്ഇബി എന്നിവരാണ് തൊട്ടുപിറകിൽ. മറ്റു വിവിധ വകുപ്പുകളിലായി 11 കേസുകളുണ്ട്.
മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ശ്രീ. ദുർഗാദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറുമായ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശ്രീനിവാസനെയാണ് ഇന്നലെ പിടികൂടിയത്. കുന്നത്തൂർ ശ്രീ. ദുർഗാദേവി ക്ഷേത്രത്തിൽ പൂജകൾ നടത്തിയതിന് കൈക്കൂലിയായി 5,000 വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഇയാളെ കൈയോടെ പിടികൂടിയത്.
മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾ ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൂജക്കായി ചെലവാകുന്ന തുകയും ദക്ഷിണയുടെ ചെലവും വഹിക്കണമെന്ന് ശ്രീനിവാസൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. പൂജകൾ നടത്തുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് പൂജകൾക്കായി ക്ഷേത്രത്തിൽ ഫീസിനത്തിൽ 480 രൂപ അടച്ചു പൂജകൾ നടത്തുകയും ചെയ്തു. പൂജകൾക്കായി പരാതിക്കാരൻ 30,000 രൂപ ക്ഷേത്രത്തിൽ ചെലവാക്കിയിരുന്നു. ശ്രീനിവാസൻ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തിന് പ്രതിഫലമായി 5,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ ഇതിൽ പ്രതികരിക്കാതിരുന്ന പരാതിക്കാരനെ ശ്രീനിവാസൻ വീണ്ടും ഫോണിൽ ബന്ധപ്പെട്ട് 5,000 രൂപ നൽകിയേ മതിയാവൂ എന്നും, ഈ തുക തന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് നൽകണമെന്നും പറഞ്ഞു.
എന്നാൽ കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിനെ അറിയിക്കുകയായിരുന്നു. മാന്നാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുന്നിൽ പരാതിക്കാരനിൽ നിന്നു 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ശ്രീനിവാസനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.
കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് കൈയ്യോടെ പിടികൂടുന്ന ഈ വർഷത്തെ അമ്പതാമത്തെ ട്രാപ്പ് കേസാണിതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 , 8592900900 എന്നിവയിലോ വാട്സാപ്പ് നമ്പരായ 9447789100 അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.

