പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ പുതിയ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പഴയ സിയറയെ പുതിയ ഡിസൈന്‍ ഭാഷ, പ്രീമിയം സവിശേഷതകള്‍, പുതിയ പവര്‍ട്രെയിന്‍ ലൈനപ്പ് എന്നിവയുമായി സംയോജിപ്പിച്ചാണ് പുതിയ പതിപ്പ് ഇറക്കുന്നത്. ടാറ്റയുടെ ICE പോര്‍ട്ട്ഫോളിയോയില്‍ കര്‍വിന് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സിയറ, മിഡ്സൈസ് എസ്യുവി സെഗ്മെന്റില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാന്‍ഡ് വിറ്റാര, കിയ സെല്‍റ്റോസ്, തുടങ്ങിയ മോഡലുകളുമായാണ് മത്സരിക്കുക. ടോക്കണ്‍ ആയി 21,000 രൂപ നല്കി ഡീലര്‍ഷിപ്പുകളില്‍ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുതിയ എസ് യുവിയുടെ ഇന്റീരിയര്‍ കമ്ബനി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ അനുസരിച്ച് മഹീന്ദ്ര XEV 9e യ്ക്ക് സമാനമായി ടാറ്റയുടെ ആദ്യത്തെ മൂന്ന്-സ്ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട് സിയറയില്‍ ഉള്‍പ്പെടുത്തും. കൂടാതെ എസി കണ്‍ട്രോളുകള്‍ക്കുള്ള ടച്ച് പാനല്‍, പനോരമിക് ഗ്ലാസ് റൂഫ്, 360-ഡിഗ്രി കാമറ, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ADAS സ്യൂട്ട് എന്നിവ ഉള്‍ക്കൊള്ളുന്ന സാങ്കേതികവിദ്യയില്‍ സമ്ബന്നമായ ഒരു കാബിന് അനുഭവം എസ്യുവി വാഗ്ദാനം ചെയ്യും. പുതിയ , തിളക്കമുള്ള ലോഗോയോട് കൂടിയ പുതിയ സ്റ്റിയറിങ് വീലാണ് മറ്റൊരു പ്രത്യേകത.




