
പൂഞ്ഞാർ ∙ ഗൃഹനാഥനെ വീടിനു സമീപത്തെ പുരയിടത്തിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. പെരിങ്ങുളം തടവനാൽ ടി.കെ.ജോസി (52) ആണു മരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്നു നാടൻതോക്ക് പൊലീസ് കണ്ടെടുത്തു. സ്വയം വെടിയുതിർത്തതെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ ജോസിയെ വീട്ടിൽ കാണാതിരുന്നതിനെത്തുടർന്നു വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു പത്തരയോടെ മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട എസ്എച്ച്ഒ കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.
കൈവശമുണ്ടായിരുന്ന 2 ഏക്കറോളം സ്ഥലം റീസർവേയിൽ നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ഇദ്ദേഹമെന്നു വീട്ടുകാർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. മുഖത്താണു വെടിയേറ്റത്. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.



