
പാലാ നഗരത്തിലെ സാംസ്കാരിക–വ്യാപാര രംഗത്ത് നിർണായക പങ്കുവഹിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിങ്, ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായി ‘പാലാ ഫുഡ് ഫെസ്റ്റ് 2025’ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നു. ഡിസംബർ 5 മുതൽ 8 വരെ പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്ത് രുചിയും കലയുമൊന്നിച്ചൊന്നിക്കുന്ന വിരുന്നിന് വേദിയൊരുങ്ങുന്നു. രണ്ട് ദശാബ്ദത്തിലേറെയായി നിരവധി വിജയകരമായ പരിപാടികളെ വിജയത്തിലേക്ക് നയിച്ച യൂത്ത് വിങിന്റെ ശക്തമായ സംഘടനാ ശേഷിയാണ് ഈ വമ്പൻ ഫുഡ് ഫെസ്റ്റിന്റെ അടിത്തറ.
അമ്പതിൽപ്പരം സ്റ്റാളുകളിലൂടെ ഇന്ത്യൻ, ചൈനീസ്, അറബിക്, കോൺടിനെന്റൽ തുടങ്ങിയ ലോകത്തിന്റെ വിവിധ രുചികളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ഈ മഹാസംഗമത്തിൽ, സന്ദർശകർക്കായി വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു. വീടുകളിൽ തയ്യാറാക്കിയ പരമ്പരാഗത മധുരങ്ങൾക്കും പ്രത്യേക രുചിക്കൂട്ടുകൾക്കും ഈ ഫുഡ് ഫെസ്റ്റിൽ പ്രത്യേക സ്ഥാനമുണ്ട്.
രുചിയൊട്ടാക്കുന്ന വിരുന്നിനോടൊപ്പം, എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ ആവേശകരമായ കലാപ്രകടനങ്ങളും അരങ്ങേറും.
ഡിസംബർ 5-ന് വൈകിട്ട് 5 മണിക്ക് ബഹു. ശ്രീ. ജോസ് കെ. മാണി എം.പി. ഫുഡ് ഫെസ്റ്റിന് തുടക്കം കുറിക്കും. ബഹു. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. ഏകോപനസമിതി പ്രസിഡൻറ് വക്കച്ചൻ മറ്റത്തിൽ Ex MP അദ്ധ്യക്ഷത വഹിക്കുകയും, യൂത്ത് വിങ് പ്രസിഡൻറ് ജോൺ ദർശന സ്വാഗതം അർപ്പിക്കുകയും ചെയ്യും. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, വ്യാപാരമേഖലകളിലെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ജോൺ മൈക്കിൾ ഭർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി ജോസ്, സിറിൽ ട്രാവലോകം, വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻറണി കുറ്റിയാങ്കൽ, ദീപു പീറ്റർ, വിപിൻ പോൾസൺ, ജോഫ് വെള്ളിയാപ്പള്ളിൽ എന്നിവർ പങ്കെടുത്തു.
പ്രവേശനം പാസ് മുഖേന നിയന്ത്രിക്കപ്പെട്ടിരിക്കുന്നതോടൊപ്പം, സംഘാടകർ പുതുതായി അവതരിപ്പിച്ച ആകർഷകമായ പദ്ധതിയും നിലവിലുണ്ട് — പാലായിലെ 50-ത്തിലധികം വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 100 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ, ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്യും.


