
കോട്ടയം: പാലായിൽ വിനോദയാത്രയ്ക്കുപോയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എച്ച്.എസ്.എസ്. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്. പാലാ–തൊടുപുഴ റോഡിലെ നെല്ലാപ്പാറയ്ക്കടുത്തുള്ള ചൂരപ്പട്ട വളവിലാണ് സംഭവം നടന്നത്. പരുക്കേറ്റവരെ പാല ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായി പറയുന്നത്. വിനോദയാത്രയ്ക്കായി പോയ മൂന്ന് ബസുകളിൽ ഒന്നാണ് മറിഞ്ഞത്. ബസിൽ 45-ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നതായി വിവരങ്ങൾ ലഭിക്കുന്നു. കൊടൈക്കനാലിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്നും റിപ്പോർട്ടുണ്ട്.


