KERALA

മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്;കിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.

കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.

Related Articles

Back to top button