KERALAKOTTAYAM

ശബരിമല തീർഥാടകരിൽനിന്ന് പാർക്കിങ് ഫീസായി അനധികൃത ഈടാക്കൽ വീണ്ടും; ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്

Dec 04 2025

എരുമേലി ∙ ദേവസ്വം ബോർഡ് മൈതാനത്ത് പാർക്കിങ് ഫീസിന്റെ പേരിൽ വീണ്ടും കൊള്ള; നടപടി എടുക്കാത്ത റവന്യു ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. ദേവസ്വം ബോർഡ് മൈതാനം കരാറുകാർക്ക് എതിരെയാണ് നിരന്തരം പരാതി ഉയരുന്നത്. ദേവസ്വം ബോർഡ് 75 രൂപ നിജപ്പെടുത്തിയിട്ടുള്ള വാനിന് 200 രൂപ ഈടാക്കിയെന്നാണ് പരാതി. ഒട്ടേറെ പരാതികൾ‌ ഉയർന്നിട്ടും കരാറുകാരനു ദേവസ്വം ബോർഡ് നോട്ടിസ് നൽകിയിട്ടും അമിത തുക ഈടാക്കുന്നതു തുടരുന്നുവെന്നാണ് പരാതി.

ഒരേ വാഹനങ്ങൾക്ക് പല സമയത്ത് പല തുക ഈടാക്കിയതിന്റെ ബില്ലുകൾ അധികൃതർക്കു കൈമാറിയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അമിത തുക ഈടാക്കിയതിനെതിരെ പെരുമ്പാവൂർ‍ സ്വദേശിയായ വാൻ ഡ്രൈവർ അരുൺ അധികൃതർക്കു പരാതി നൽ‍കി. ട്രാവലർ വാനിൽ ശബരിമല തീർഥാടകരുമായി ആദ്യം വന്നപ്പോൾ സ്റ്റേഡിയം മൈതാനത്ത് 75 രൂപയ്ക്കു പകരം 100 രൂപ ഈടാക്കി. പിന്നീട് തീർഥാടകരുമായി എത്തിയപ്പോൾ 150 രൂപയാണ് പാർക്കിങ് ഫീസ് ഈടാക്കിയത്.

മൂന്നാമത് വന്നപ്പോഴാണ് പാർക്കിങ് ഫീസായി അമിത തുക വാങ്ങിയ വിവരം അധികൃതരെ അറിയിച്ചത്. ഇതോടെയാണ് ഹിന്ദു സംഘടനകൾ ഇടപെട്ടത്. പാർക്കിങ് ഫീസിന്റെ ചൂഷണങ്ങളിൽ റവന്യു വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയില്ലെന്നും വരും ദിവസങ്ങളിൽ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഹിന്ദു സംഘടനകൾ അറിയിച്ചു. പാർക്കിങ് ഫീസിന്റെ പേരിലുള്ള കൊള്ള കാരണം സംഘർഷ സാധ്യത ഉണ്ടാകുമെന്ന് കാണിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ആർഡിഒ ഉത്തരവ് ലഭിച്ചാൽ പിഴയീടാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ
എരുമേലിയിൽ പാർക്കിങ് മൈതാനങ്ങളിൽ എത്തുന്ന തീർഥാടക വാഹനങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിനു കലക്ടറെ സമീപിച്ചതായി റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു. മുൻ വർഷങ്ങളിൽ അമിത തുക ഈടാക്കുന്ന പാർക്കിങ് മൈതാനങ്ങൾക്കെതിരെ ആർഡിഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ‍ റവന്യു കൺട്രോൾ റൂം അധികൃതർക്ക് പിഴ ഈടാക്കാൻ കഴിയുമായിരുന്നു. ഇത്തവണ പമ്പയിലും നിലയ്ക്കലും ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനാ സംഘത്തിന് ആർഡിഒയുടെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. എരുമേലിയിലും ഇത്തരത്തിൽ ആർഡിഒ ഉത്തരവ് ലഭിക്കുകയാണെങ്കിൽ റവന്യു കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു പിഴ ഈടാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Related Articles

Back to top button