Sports

ലോകചാംപ്യൻമാർ കേരളത്തിലേക്ക്, ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര തിരുവനന്തപുരത്ത്

തിരുവനന്തപുരം∙ ഏകദിന വനിതാ ലോകകപ്പ് വിജയിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് കളിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ അവസാന മൂന്നു മത്സരങ്ങളാണ് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ നടക്കുന്നത്. ഡിസംബർ 26,28,30 തീയതികളിലാണ് തിരുവനന്തപുരത്തെ മത്സരങ്ങൾ.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ വിശാഖപട്ടണത്താണു കളിക്കുന്നത്. ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ പരമ്പരയാണിത്. പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യൻ ടീം അവസാനം ട്വന്റി20 പരമ്പര കളിച്ചത്. പരമ്പര ഇന്ത്യ 3–2ന് വിജയിച്ചിരുന്നു.

ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോൽപിച്ചാണ് ഇന്ത്യ കന്നിക്കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 ന് ഓൾഔട്ടാകുകയായിരുന്നു.

Back to top button