KERALAKOTTAYAM

കോട്ടയത്ത് ശക്തികേന്ദ്രങ്ങൾ പി.സി. ജോർജിന്റെ കൈയിലേക്ക്; നിർണായക വാർഡുകൾ നൽകി ബിജെപി

Dec 04 2025

കോട്ടയം ∙ ശക്തികേന്ദ്രങ്ങളിൽ പി.സി.ജോർജിനു പരിഗണന നൽകി ബിജെപി. തദ്ദേശ തിരഞ്ഞെടുപ്പിൽ പി.സി.ജോർജിനൊപ്പം എത്തിയവർക്കു സീറ്റ് പരിഗണന നൽകിയാണ് ബിജെപി സീറ്റ് വിഭജനം പൂ‍ർത്തിയാക്കിയത്. തന്റെ പാർട്ടിയായ ജനപക്ഷം സെക്കുലർ പിരിച്ചുവിട്ടാണ് പി.സി.ജോർജ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ജനപക്ഷത്തിന് ഒരു ജില്ലാ പഞ്ചായത്ത് അംഗവും ചില പഞ്ചായത്തുകളിൽ വാർഡ് അംഗങ്ങളുമുണ്ടായിരുന്നു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ജനപക്ഷത്തിന്റെ പിന്തുണയിൽ സിപിഎം പ്രസിഡന്റായതു വിവാദമായിരുന്നു. പിന്നീട് ഈ പ്രസിഡന്റിനെ സിപിഎം പുറത്താക്കി.

ഇത്തവണ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭയിലുമായി 118 സീറ്റുകളിലാണ് എൻഡിഎ ജനവിധി തേടുന്നത്. ഇതിൽ പി.സി.ജോർജിനൊപ്പം എത്തിയവർക്ക് 2 നഗരസഭ വാർഡുകളിലും 7 ബ്ലോക്ക് ഡിവിഷനിലും 48 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും സീറ്റ് നൽകി. ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിലെ സ്ഥാനാർഥിയും പി.സി.ജോർജിനൊപ്പം എത്തിയയാൾ തന്നെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ പേരിൽ പൂഞ്ഞാർ ഡിവിഷനിൽ പി.സി.ജോ‍ർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചിരുന്നു.

ജനപക്ഷം ബിജെപിയിൽ ലയിച്ചപ്പോൾ ഇതുവഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപിക്ക് ആദ്യമായി അംഗത്തെ ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ഷോൺ ജോർജ് മത്സരത്തിനില്ല. പൂഞ്ഞാർ ഡിവിഷൻ രണ്ടായി പൂഞ്ഞാറും തലനാടുമായി മാറി.

Related Articles

Back to top button