ജമ്മു കശ്മീരിൽ വീണ്ടും തീ കൊളുത്താൻ പാക്കിസ്ഥാൻ?അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരൻ പിടിയിലായി.
Dec 13 2025
ശ്രീനഗർ ∙ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ആയുധങ്ങളുമായി ജയ്ഷെ മുഹമ്മദ് ഭീകരൻ ബിഎസ്എഫിന്റെ പിടിയിൽ. രജൗരി ജില്ലയിലെ ബുധാൽ പ്രദേശവാസിയായ അബ്ദുൽ ഖാലിക് ആണ് പിടിയിലായത്. ആയുധ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് കടന്ന ഇയാളെ വർഷങ്ങൾക്കു മുൻപ് കാണാതാവുകയായിരുന്നു.
നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് രാജ്യാന്തര അതിർത്തിക്ക് സമീപം ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർ നടപടികൾക്കായി ഇയാളെ പൊലീസിനു കൈമാറി. പ്രദേശത്തിന്റെ ഭൂപ്രകൃതി പരിചയമുള്ള പ്രാദേശിക ഭീകരരുമായി ബന്ധം സ്ഥാപിച്ച് ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തിന്റെ ഭാഗമായാണ് അബ്ദുൽ ഖാലിക് ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ് ഏഴ് മാസത്തിനു ശേഷം സാംബ, കത്വ, ജമ്മു സെക്ടറുകൾക്ക് എതിർവശത്തുള്ള സിയാൽകോട്ട്, സഫർവാൾ പ്രദേശങ്ങളിലെ 12 ലോഞ്ച് പാഡുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഇതിനിടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരൻ പിടിയിലാകുന്നത്.



