KERALA

രാഹുലിന് കു​രു​ക്ക് മു​റു​കു​ന്നു; യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

തിരുവനന്തപുരം ∙ ലൈംഗികപീഡന ആരോപത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു കുരുക്കു മുറുകുന്നു. പീഡനം ആരോപിച്ച് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. വൈകിട്ട് നാലരയ്ക്ക് സഹോദരനൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. ചാറ്റും, ശബ്ദരേഖയും ഉള്‍പ്പെടെ എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രിക്കു തന്നെ നേരിട്ട് യുവതി പരാതി നല്‍കിയതോടെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റിലേക്കു വരെ കാര്യങ്ങള്‍ എത്തുന്ന തരത്തില്‍ കേസിന്റെ അന്വേഷണം നീങ്ങാനുള്ള സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

യുവതിയെ ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശങ്ങൾ കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ലൈംഗികപീഡനത്തിനു മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. പരാതി ഇന്നു തന്നെ മുഖ്യമന്ത്രി ഡിജിപിക്കു കൈമാറും. തുടര്‍ന്ന് പരാതി ക്രൈംബ്രാഞ്ച് സംഘത്തിനു ലഭിക്കുന്നതോടെ രാഹുലിനെതിരായ നടപടികളുടെ സ്വഭാവം മാറും. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും പുറത്തുവന്ന ശബ്ദരേഖയുടെ ആധികാരികത ഉറപ്പാക്കുകയും ചെയ്യും. പരാതിയും മൊഴിയും ലഭിക്കുന്നതോടെ അറസ്റ്റിലേക്കു കടക്കാനും അന്വേഷണസംഘത്തിനു കഴിയും.

നേരത്തേ പുറത്തുവന്ന ശബ്ദരേഖയും ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് രാഹുലിനെതിരെ ഓഗസ്റ്റില്‍ കേസെടുത്തിരുന്നു. 5 പേര്‍ ഇ മെയില്‍ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പിന്തുടര്‍ന്നു ശല്യപ്പെടുത്തി തുടങ്ങി ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിജീവിത മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്യാത്തതിനാല്‍ ക്രൈംബ്രാഞ്ച് കേസ് എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു.

Related Articles

Back to top button