ഇൻഡിഗോ സർവീസുകളിൽ 10% കുറവ് നിർദേശിച്ച് കേന്ദ്രത്തിന്റെ ഇടപെടൽ; സിഇഒയെ വിളിച്ചുവരുത്തി, കര്‍ശന നിര്‍ദേശം
Dec 09 2025

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവുംവലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയുംചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. നിലവില്‍ വിമാനസര്‍വീസുകള്‍ സാധാരണനിലയിലായെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്നും ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.
ദിവസവും 2,200-ഓളം സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ. പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതോടെ 200-ലധികം വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരും.
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിന് പിന്നാലെയാണ് പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.
ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ സ്ഥിരതയുണ്ടാകാനും സര്‍വീസുകള്‍ റദ്ദാക്കുന്നത് കുറയ്ക്കാനും മൊത്തത്തിലുള്ള ഇന്‍ഡിഗോ റൂട്ടുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തരവിട്ടത്. ഇത് പാലിച്ചുകൊണ്ട് മുന്‍പത്തെപ്പോലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇന്‍ഡിഗോ സര്‍വീസ് തുടരും. ടിക്കറ്റ് നിരക്കിന്റെ പരിധി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഇന്‍ഡിഗോയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സര്‍വീസുകള്‍ മുടങ്ങി യാത്രക്കാര്‍ കടുത്ത അസൗകര്യങ്ങള്‍ നേരിട്ട സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ യോഗം ചേര്‍ന്നത്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അടക്കമുള്ളവരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഡിസംബര്‍ ആറാം തീയതിവരെ റദ്ദാക്കിയ വിമാനസര്‍വീസുകളുടെ റീഫണ്ടിങ് നൂറുശതമാനവും പൂര്‍ത്തിയാക്കിയതായി സിഇഒ യോഗത്തില്‍ അറിയിച്ചു. ശേഷിക്കുന്ന റീഫണ്ടുകളും ബാഗേജ് തിരികെനല്‍കാനുള്ള നടപടികളും വേഗത്തിലാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ സിഇഒയ്ക്ക് നിര്‍ദേശം നല്‍കി.
ഇന്‍ഡിഗോ സര്‍വീസുകള്‍ സാധാരണനിലയിലായെന്ന് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് നേരത്തേ അവകാശപ്പെട്ടിരുന്നു. യാത്രക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയുംചെയ്തു.



