ഒടുവിൽ… ദൃശ്യം 3 പാക്കപ്പ്! പറയാത്ത സത്യങ്ങളും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുംഇനി വീണ്ടും പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നു…
Dec 04 2025

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 പായ്ക്കപ്പ്. സിനിമയുടെ അവസാന ഷോട്ട് എടുത്തതിനു ശേഷമുള്ള ലൊക്കേഷൻ വിഡിയോ പങ്കുവച്ചായിരുന്നു ടീമിന്റെ അറിയിപ്പ്.ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്റെ ഭാവപ്രകടനമാണ് ഹൈലൈറ്റ്.
ആന്റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വിഡിയോയിൽ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം പായ്ക്കപ്പ് ചെറിയൊരു ആഘോഷമാക്കി മാറ്റി.
സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം. ഒക്ടോബർ അവസാനം ചിത്രീകരണം തുടങ്ങിയ സിനിമ വെറും ഒരുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. തൊടുപുഴ, വാഗമൺ എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ.
സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. 2013 ഡിസംബർ 19 ന് പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു. തുടർന്ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്തിന് ചൈനീസ് ഭാഷകളിലേക്കു വരെ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മൂന്നാം ഭാഗത്തിന്റെ തിയറ്റർ–ഡിജിറ്റൽ റൈറ്റ്സ് റിലീസിനു മുമ്പേ തന്നെ വിറ്റുപോയി കഴിഞ്ഞു. 100 കോടിക്കു മുകളിൽ ബിസിനസ്സ് ഇതുവരെ നടന്നുവെന്നാണ് റിപ്പോർട്ട്.

