
ന്യൂയോര്‍ക്ക്: റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചു. കഴിഞ്ഞയാഴ്ച സ്വിറ്റ്സർലൻഡിലെ ജെനീവയിൽ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് അമേരിക്കയുടെയും യുക്രെയ്ന്റെയും ഉദ്യോഗസ്ഥര്‍ സമാധാന കരാരിന് അന്തിമരൂപം നൽകിയത്.
യുഎസ് മുന്നോട്ടുവച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയിലാണ് പൊതുവായ ധാരണയായതെന്ന് യുക്രെയ്ൻ വ്യക്തമാക്കി. രണ്ടു രാജ്യങ്ങളിൽ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് അന്തിമ സമാധാന കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒമ്പതുമാസത്തിനിടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.
സമാധാന പദ്ധതി അംഗീകരിക്കാൻ ധാരണയായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്കി പ്രതികരിച്ചു. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കും. സമാധാന കരാര്‍ യുക്രെയ്ൻ അംഗീകരിച്ചതോടെ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
യുഎസ് ആദ്യമുണ്ടാക്കിയ സമാധാന കരാറിനോട് റഷ്യയ്ക്ക് അനുകൂല നിലപാടാണ് ഉണ്ടായിരുന്നതെന്നും അതിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ റഷ്യയുടെ തീരുമാനം അനുകൂലമായിരിക്കില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നൽകിയത്.



