Health

വല്ലപ്പോഴുമുള്ള മദ്യപാനവും നിർത്തിക്കോ, പ്രത്യഘാതങ്ങൾ നിസ്സാരമല്ല!

Test subtitle

ആഴ്ചയില്‍ ഒന്നൊക്കെ മദ്യപിക്കുന്നത് കൊണ്ട് ശരീരത്തിന് ഒന്നും സംഭവിക്കില്ലെന്ന് കരുതുന്നവരാണ് സമൂഹത്തില്‍ നല്ലൊരു പങ്കും. എന്നാല്‍ ഇടയ്‌ക്കൊക്കെയുള്ള ഈ മദ്യപാനം പോലും ആരോഗ്യത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തിപരമായ ഘടകങ്ങള്‍, മദ്യപാന ശീലങ്ങള്‍, പുകവലി പോലുള്ള അനുബന്ധ ജീവിതശൈലി ഘടകങ്ങള്‍ എന്നിവയെ എല്ലാം അടിസ്ഥാനമാക്കി മദ്യപാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ മാറ്റം വരാമെന്ന് ഫരീദാബാദ് യഥാര്‍ത്ഥ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍സിലെ ഇന്റേണല്‍ മെഡിസിന്‍ ആന്‍ഡ് റുമറ്റോളജി ഡയറക്ടര്‍ ഡോ. ജയന്ത തകൂരിയ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആഴ്ചയില്‍ ഒന്നുള്ള മദ്യപാനം പോലും കരളിന് സമ്മര്‍ദമേകുമെന്ന് ഡോ. ജയന്ത ചൂണ്ടിക്കാട്ടി.

ദഹനസംവിധാനത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന മദ്യം ആസിഡ് റീഫ്‌ളക്‌സ്, അന്നനാളിയിലെ എരിച്ചില്‍, രക്തത്തോട് കൂടിയ ഛര്‍ദ്ദില്‍ എന്നിവയ്ക്കും കാരണമാകാം. മയങ്ങാനുള്ള മരുന്നുകള്‍, മാനസികരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ കഴിക്കുന്നവരിലും പ്രതികൂലമായ ഫലങ്ങള്‍ക്ക് മദ്യം കാരണമാകാം. ഇത് ഗുരുതരമായ പാര്‍ശ്വഫലങ്ങളിലേക്കും നയിക്കാം. പല തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ മദ്യപിക്കുന്നതിന് മുന്‍പ് ഇത് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമോ എന്ന് ഡോക്ടര്‍മാരോട് തിരക്കേണ്ടതാണ്. ഗര്‍ഭിണികള്‍, കരള്‍ രോഗം, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിയുള്ളവര്‍, വണ്ടി ഓടിക്കുന്നവര്‍, ദഹന പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെല്ലാം ചെറിയ അളവില്‍ പോലുമുള്ള മദ്യപാനം പരിപൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണെന്നും ഡോ. ജയന്ത അഭിപ്രായപ്പെടുന്നു.

Back to top button